കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ്. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ അതുലിനെ 48 മണിക്കൂറിനകം വകവരുത്താനായിരുന്നു ഗുണ്ടാ സംഘത്തിന്റെ തീരുമാനം. കേസിൽ ഇതുവരെ പത്ത് പേർ പിടിയിലായതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത ഐപിഎസ് അറിയിച്ചു.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ അതുലിനെ രണ്ട് കാറുകളിലായാണ് പ്രതികൾ പിന്തുടർന്നത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി കൃത്യം 17-ാം മിനിറ്റിലാണ് പുതിയകാവ് ജംഗ്ഷനിൽ വെച്ച് ആക്രമണം നടന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഉപയോഗിച്ച് അതുൽ സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കൃത്യം പൂർത്തിയാക്കി പ്രതികൾ കടന്നുകളഞ്ഞു. കാറിൽ നിന്ന് കണ്ടെടുത്ത മാരകായുധങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വർഷം ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. എന്നാൽ ഈ കൊലപാതകത്തിന് ജിം സന്തോഷ് വധവുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സന്തോഷ് വധത്തിന് ശേഷം കടത്തൂർ സംഘത്തിലെ അനീറിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം കോട്ടയം ഭാഗത്തേക്ക് കടന്ന പ്രതികളെ ഒരു മണിക്കൂറോളം നീണ്ട ചേസിംഗിനൊടുവിലാണ് മുണ്ടക്കയത്ത് വെച്ച് പോലീസ് പിടികൂടിയത്. എഎൻപിആർ ക്യാമറകൾ ഉപയോഗിച്ച് പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരും ഇവർക്ക് സഹായം നൽകിയ നാല് പേരുമാണ് നിലവിൽ പിടിയിലായിരിക്കുന്നത്. ഗുണ്ടാ ആക്രമണങ്ങൾക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും കമ്മീഷണർ അറിയിച്ചു.